ചങ്ങനാശ്ശേരി, വാഴൂര്‍ റോഡരുകില്‍ കറുകച്ചാലിനും കങ്ങഴയ്ക്കും മദ്ധ്യേ ചമ്പക്കരയില്‍ വിശുദ്ധിയുടെ വെണ്മ ചൊരിഞ്ഞുകൊണ്ട് അനുഗ്രഹദായകമായി നിലകൊള്ളുന്ന ചമ്പക്കര സെന്‍റ് ജോസഫ്സ് കത്തോലിക്കാ സുറിയാനി പള്ളി.ക്രിസ്തു ശിഷ്യനും ഭാരതത്തിന്റെ അപ്പസ്തോലനുമായ മാര്‍ത്തോമ്മാ ശ്ലീഹാ കേരളത്തില്‍ പ്രേഷിത പ്രവര്‍ത്തനം നടത്തിയ സ്ഥലങ്ങള്‍ പ്രധാനമായും പാലയൂര്‍, കൊടുങ്ങല്ലൂര്‍, കോട്ടക്കാവ് (പറവൂര്‍), കോക്കമംഗലം, നിരണം (തൃപ്പാലേശ്വരം), കൊല്ലം, നിലയ്ക്കല്‍ (ചായല്‍) എന്നിവയാണ്. ഇവയില്‍ പാലയൂര്‍ ദേശവാസികളായിരുന്ന ശങ്കരപുരി, പകലോമറ്റം, കള്ളി, കാളിയങ്കാവ്, കോയിക്കര, മാടപുരു, നെടുമ്പള്ളി തുടങ്ങിയ മുപ്പത്തിരണ്ട് ഇല്ലക്കാര്‍ അവിടെ ആദ്യം മാര്‍ത്തോമ്മാശ്ലീഹായില്‍ നിന്നും ക്രിസ്തുമതം സ്വീകരിച്ചു എന്നു പാരമ്പര്യമുണ്ട്. ഇവരുടെ പിന്‍ഗാമികള്‍ കുറവിലങ്ങാട്ട് നല്ലൊരു ക്രൈസ്തവ സമൂഹമായി വളര്‍ന്നിരുന്നു. ഇവര്‍ കാലത്തിന്റെ ഗതിവിഗതികളില്‍ ഒരു വിഭാഗം തിരുവിതാംകൂറിന്റെ തെക്കന്‍ പ്രദേശങ്ങളിലേക്ക് കുടിയേറിപ്പാര്‍ത്തു. അങ്ങനെ കുറവിലങ്ങാട്ടുനിന്നും കുടിയേറിയവരാണ് ഇവിടുത്തെ പൂര്‍വ്വികര്‍ എന്ന് പാരമ്പര്യമായി പറഞ്ഞുവരുന്നു.
പാമ്പാടി, നെടുംകുന്നം, ചമ്പക്കര പ്രദേശങ്ങളോട് ചേര്‍ന്നു കിടക്കുന്ന കൊടുംകാട് നിറഞ്ഞ പ്രദേശം അങ്ങിങ്ങായി ഓരോ വീടുകള്‍, കാടുകള്‍ നിറഞ്ഞ ഉള്‍പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ ചങ്ങനാശ്ശേരി - വാഴൂര്‍ റോഡിലേയ്ക്ക് കടന്നുവരുന്നത്കേ വലം നടപ്പാതകളിലൂടെ മാത്രം. കന്നുകാലി വളര്‍ത്തലും, കൃഷിയുമായിരുന്നു ജനങ്ങളുടെ മുഖ്യ തൊഴില്‍. കാടുവെട്ടി തെളിച്ച് കപ്പക്കൃഷിയും മകരമാസങ്ങളില്‍ കപ്പവാട്ടുമെല്ലാം കൊണ്ട് നാട്ടില്‍ ഉത്സവ പ്രതീതിയായിരുന്നു. ജനമെല്ലാം സുരക്ഷിതരായിരുന്നതിനാല്‍ പുറംലോകവുമായി ബന്ധപ്പെടുന്നതിനോ ഉയര്‍ന്ന വിദ്യാഭ്യാസം നേടുന്നതിനോ താത്പര്യം കാണിച്ചില്ല. നാനാജാതി മതസ്ഥരുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു. നസ്രാണികള്‍ തങ്ങളുടെ മതകര്‍മ്മങ്ങള്‍ക്കായി ചങ്ങനാശേരി വലിയ പള്ളിയിലും പിന്നീട്നെ ടുംകുന്നം പള്ളിയിലും പോകേണ്ടിയിരുന്നതിനാല്‍ നാട്ടില്‍ തങ്ങളുടെ വിശ്വാസ സംബന്ധമായ മതകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് ഒരു ദൈവാലയം ഉണ്ടാകണമെന്ന് പിതാക്കന്മാര്‍ ആഗ്രഹിച്ചു. ആ ആഗ്രഹ പൂര്‍ത്തീകരണത്തിന്‍റെ ഫലമായി പൂര്‍വ്വികര്‍ ആദ്യം പള്ളി സ്ഥാപിക്കാന്‍ ശ്രമിച്ചത് മാന്തുരുത്തി ഭാഗത്തായിരുന്നു എങ്കിലും ചില അസൗകര്യങ്ങള്‍ കാരണം ആ ശ്രമം ചമ്പക്കരയിലേയ്ക്ക് മാറ്റി. ഈ പള്ളിയുടെ പ്രാരംഭപ്രവര്‍ത്തകരായ വള്ളാട്ട് വാര്‍മലയില്‍ ഇയ്യോ സ്കറിയാ, ഇടത്തിനാട്ടായ ഐന്തിയ്ക്കല്‍ പീലിപ്പോസ് , കാഞ്ഞിരമറ്റത്തില്‍ സ്കറിയാ മുതലായവര്‍ പള്ളിക്കുവേണ്ടി ജയില്‍ശിക്ഷവരെ അനുഭവിക്കേണ്ടിവന്നു.കുറവിലങ്ങാട്ടുനിന്നും പൂര്‍വ്വികരുടെ കുടിയേറ്റം കണക്കിലെടുക്കുമ്പോള്‍ മേല്‍കുടുംബങ്ങളെല്ലാം ഒരൊറ്റ കുടുംബമാണെന്ന് അനുമാനിക്കാം.
1904 മാണ്ട് ജൂലൈ 9 -ാം തീയതി (മലയാളമാസം 1079 മിഥുനമാസം 26 -ാം തീയതി) ചങ്ങനാശേരി രൂപതാ മെത്രാന്‍ മാര്‍ മാക്കില്‍ മത്തായി പിതാവിന്‍റെ അനുവാദത്തടെ ചമ്പക്കരയില്‍ വി. യൗസേപ്പ് പിതാവിന്‍റെ നാമധേയത്തില്‍ ഒരു ദൈവാലയം പണിയുന്നതിലേയ്ക്കായി ചമ്പക്കര കുന്നുംപുറത്ത് ചെറിയത് മകന്‍ ഔസേഫിന്‍റെയും ഇടത്തിനാട്ടായ ഐന്തിക്കല്‍ ചെറിയാന്‍ മകന്‍ ഔസേഫിന്‍റെയും ഇടത്തിനാട്ടായ ഐന്തിക്കല്‍ ചെറിയാന്‍ ദേവസ്യായുടെയും കോവുക്കുന്നേല്‍ ഈശായി മത്തായിയുടെയും പാമ്പാടി ഐക്കരേട്ട് കടൂപ്പില്‍ ആഗസ്തി ചെറിയതിന്‍റെയും കൂരിയ്ക്കാട്ട് മാത്തന്‍ ഈശായിയുടെയും പേര്‍ക്ക് പള്ളിക്കുള്ള സ്ഥലം ചമ്പക്കര ഈശുപറമ്പില്‍ ചെറിയതിന്‍റെ മകന്‍ തയ്യനില്‍ നിന്നും തീറെഴുതി വാങ്ങി. മേല്‍പ്പറഞ്ഞ സ്ഥലത്ത് താല്‍ക്കാലികമായി 1905 ഫെബ്രുവരി മാസം 18 -ാം തീയതി ആരംഭിച്ച കൊച്ചുപള്ളി 1905 മേടമാസം ഒന്നാം തീയതി മാക്കില്‍ മാര്‍ മത്തായി മെത്രാന്‍റെ 205 -ാം നമ്പര്‍ കല്പന പ്രകാരം വി. യൗസേപ്പ് പിതാവിന്‍റെ നാമത്തില്‍ ഒരു ഇടവകപള്ളിയായി സ്ഥാപിക്കപ്പെട്ടു. ഈ ഇടവകക്കാരനായ ഐക്കരേട്ട് ബഹു. ജോബ് അച്ചന്‍ ഈ പള്ളിയുടെ സ്ഥാപകനും ആദ്യത്തെ വികാരിയുമായി. ഇന്ന് നമ്മുടെ യു. പി. സ്കൂള്‍ ഇരിക്കുന്ന സ്ഥലത്ത് 1905 കാലഘട്ടത്തില്‍ ഒരു ആശാന്‍ കളരി നിലവിലുണ്ടായിരുന്നു. ജോബ് അച്ചന്‍റെ മേല്‍നോട്ടത്തില്‍ നടത്തിയിരുന്ന ഈ കളരിയില്‍ ആണ് ദേശവാസികളായ കുട്ടികള്‍ ബാല്യകാല വിദ്യാഭ്യാസം അഭ്യസിച്ചിരുന്നത്. ഈ കളരിയുടെ സ്ഥാനത്ത് 1906 -ല്‍ ബഹു. ഐക്കരേട്ടച്ചന്‍റെ കാലത്തുതന്നെ സ്കൂള്‍ ആരംഭിച്ചതായും പഴമക്കാര്‍ പറയുന്നു. 1912 ഒക്ടോബറില്‍ ബഹു. ഐക്കരേട്ട് ജോബ് അച്ചന്‍ ഒരു പൊതുയോഗം വിളിച്ചുകൂട്ടി. പള്ളിയോടു ചേര്‍ന്ന് വൈദീകര്‍ക്കു താമസിക്കുന്നതിനുവേണ്ടി പള്ളിമേട പണിയുന്നതിലേക്കായി പിരിവുകള്‍ ഏര്‍പ്പെടുത്തി. പള്ളിക്കുവേണ്ടി പിടിയരി, കെട്ടുതെങ്ങ് ഇവയും ഏര്‍പ്പെടുത്തി. മേട പണി തീര്‍ന്നു വെഞ്ചരിപ്പുനടത്തി. എന്നാല്‍ അധികം താമസിയാതെ ഇടവകക്കാരെ തീരാദുഃഖത്തിലാഴ്ത്തിക്കൊണ്ട് 1913ല്‍ ജൂലൈ 16ന് ഈ പള്ളിയുടെ എല്ലാമെല്ലായിരുന്ന ബഹു. ഐക്കരേട്ട് ജോബച്ചന്‍ കര്‍ത്താവില്‍ നിദ്രപ്രാപിച്ചു. അദ്ദേഹത്തിന്‍റെ ഭൗതികശരീരം അദ്ദേഹം പണിയിച്ച ദൈവാലയത്തില്‍ മദ്ബഹയോടു ചേര്‍ത്ത്ബ ഹുമാന ആദരവുകളോടെ സംസ്കരിച്ചു. 1913 -ല്‍ ബഹു. മണ്ണനാല്‍ തോമാ കത്തനാര്‍ വികാരിയായി.1917 ജനുവരി 13 കുര്യാളശ്ശേരി മാര്‍ തോമസ് മെത്രാന്‍റെ കല്പനപ്രകാരം പള്ളിപണിയ്ക്കായി ഒരു ചിട്ടി നടത്തി.പള്ളിയുടെ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു മേല്‍പടി ചിട്ടി നടത്തിയത്. 1917-ല്‍ കുര്യാളശ്ശേരി പിതാവ് പള്ളിയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. 1919-ല്‍ ബഹു തെക്കുംതോട്ടത്തില്‍ അബ്രഹാം അച്ചന്‍ മൂന്നാമത്തെ വികാരിയായി.അദ്ദേഹത്തിന്റെ കാലത്ത് പ്രത്യേക സംഭാവനകള്‍ സ്വീകരിച്ച് റോഡിനു കിഴക്കുവശത്തുള്ള ഈശുപറമ്പില്‍ പുരയിടത്തില്‍ മാതാവിന്‍റെ നാമധേയത്തിലുള്ള കുരിശുപള്ളി പണികഴിപ്പിച്ചു.തുടര്‍ന്ന് 1920-ല്‍ ബഹു. തെക്കേക്കര മത്തായി കത്തനാര്‍ 1921 -ല്‍ ബഹു. ചന്ദ്രത്തില്‍ സ്കറിയാ കത്തനാര്‍ 1923 -ല്‍ ബഹു. കിഴക്കേക്കുറ്റ് സ്കറിയ കത്തനാര്‍, 1926 -ല്‍ ബഹു വടക്കേമുറിയില്‍ തോമാകത്തനാര്‍ എന്നിവര്‍ വികാരിമാരായി. ബഹു. കിഴക്കേക്കുറ്റച്ചന്‍റെ കാലത്ത് 1926 ല്‍ പണിത ആദ്യത്തെ താല്‍ക്കാലിക കൊച്ചുപള്ളിക്കു പകരം മറ്റൊരു ദൈവാലയത്തിന്‍റെ പണി ബഹു വടക്കേമുറിയില്‍ തോമാകത്തനാര്‍ ആരംഭിച്ചു.തുടര്‍ന്ന് 1927 ല്‍ ചോതിരക്കുന്നേല്‍ ഔസേഫ് കത്തനാര്‍ 1928 -ല്‍ ബഹു ചേമ്പാലയില്‍ മത്തായി കത്തനാര്‍ എന്നിവര്‍ ഇടവകയുടെ വികാരിമാരായി.ബഹു ചേമ്പാലയിലച്ചന്‍റെ കാലത്ത് 1929 -ല്‍ താല്‍ക്കാലിക കൊച്ചുപള്ളിക്കു പകരം പുരാതന സുറിയാനി ദൈവാലയത്തിന്‍റെ പൂര്‍ണ്ണ മാതൃകയില്‍ പണികഴിപ്പിച്ച പുതിയ ദൈവാലയം കൂദാശ ചെയ്തു. 1931 ല്‍ ബഹു. ചോതിരക്കുന്നേല്‍ ഈനാസ് കത്തനാര്‍ വികാരിയായി. അദ്ദേഹത്തിന്റെ കാലത്ത് 1932 ല്‍ നെത്തല്ലൂരിന് സമീപം ഇടത്തിനാട്ട് ഔസേഫ് യോഹന്നാന്‍ പള്ളിക്കുവേണ്ടി ദാനംചെയ്ത പുരയിടത്തില്‍ ഒരു കുരിശു സ്ഥാപിച്ചു. തുടര്‍ന്ന് 1933 -ല്‍ ബഹു. ചങ്ങങ്കരിയില്‍ അബ്രഹാം കത്തനാര്‍, 1936 -ല്‍ ബഹു. പുത്തന്‍വീട്ടില്‍ തോമാ കത്തനാര്‍ 1938 -ല്‍ ബഹു. വെള്ളപ്പാട്ടു മത്തായി കത്തനാര്‍ 1939-ല്‍ ഏണേക്കാട്ട് ഔസേഫ് കത്തനാര്‍ 1940 -ല്‍ ബഹു. മണിയങ്ങാട്ട് ലൂക്കാ കത്തനാര്‍ 1941 -ല്‍ കളരിപ്പറമ്പില്‍ സെബാസ്റ്റ്യന്‍ കത്തനാര്‍ 1942 -ല്‍ ബഹു. കുടകശ്ശേരി അബ്രഹാം കത്തനാര്‍ 1945 -ല്‍ ബഹു. പൊന്നടത്തു കല്ലേല്‍ ഗീവര്‍ഗ്ഗീസ് കത്തനാര്‍ എന്നിവര്‍ വികാരിമാരായി ചമ്പക്കര ഇടവകയ്ക്ക് ആത്മീയനേതൃത്വം നല്‍കി.
1960-ല്‍ പള്ളിയുടെ ആദ്യകാല ദൈവാലയ ശുശ്രൂഷിയായിരുന്ന ദേവസ്യാ ഈശുപറമ്പിലിനുശേഷം നിയമിതനായ ഈശുപറമ്പില്‍ കുര്യാക്കോസ് ഈശോ പ്രായാധിക്യം മൂലം തല്‍സ്ഥാനത്തുനിന്നും മാറി. തുടര്‍ന്ന് തോമസ് കാക്കനാട്ടില്‍ ദൈവാലയശുശ്രൂഷിയായി.1962-ല്‍ ബഹു വടക്കേക്കുറ്റ് കുര്യന്‍ അച്ചന്‍ വികാരിയായി.അച്ചന്‍റെ കാലത്ത് 1963ല്‍ പാമ്പാടി വള്ളാട്ടുവാറുമല വി.സി ജോസ് ചുഴകുന്നേല്‍ 50 സെന്‍റ് സ്ഥലം പള്ളിക്ക് സംഭാവന നല്‍കി.പള്ളിയുടെ ആദ്യകാല കണക്കന്മാരായിരുന്ന ഔസേഫ് കുന്നംപുറം, സ്കറിയ പുത്തന്‍വീട്ടില്‍, ജോബ് അബ്രഹാം, പ്രകാവുകുന്നേല്‍ ഇവരെ തുടര്‍ന്ന് 1965 ല്‍ വടക്കേടത്ത് വര്‍ഗ്ഗീസിനെ നിയമിച്ചു. 1965 ല്‍ ബഹു. ചെങ്ങളം മത്തായി അച്ചന്‍ വികാരിയായി. 1966 ഏപ്രില്‍ 4-ന് രണ്ടാമത്തെ പള്ളി പുതുക്കി പണിയുന്നതിനുള്ള ആദ്യ തീരുമാനം ഉണ്ടായി. 1967 ല്‍ ഫിലിപ്പോസ് ഔസേഫ് പുതിയ കണക്കനായി നിയമിതനായി. 1967 ആഗസ്റ്റ് 17 ന് പള്ളിമുറി വൈദ്യുതീകരിക്കുവാന്‍ തീരുമാനിച്ചു.1970 ഡിസംബറില്‍ കൂടിയ പൊതുയോഗം പള്ളി പണിയുവാന്‍ വരിസംഖ്യാ ലിസ്റ്റ് ഉണ്ടാക്കി. മാര്‍ മാത്യു കാവുകാട്ട് പിതാവ് പുതിയ പള്ളിയുടെ ശിലാസ്ഥാപനം 1968 ല്‍ നിര്‍വ്വഹിച്ചു. 1968 മെയ് 26 -ലെ യോഗ നിശ്ചയപ്രകാരം പള്ളിപണി ആവശ്യത്തിലേക്ക് പള്ളിവക ചേന്നാട്ട് പുരയിടത്തിന്‍റെ ഒന്നരയേക്കര്‍ സ്ഥലം വില്‍ക്കുവാന്‍ തീരുമാനിച്ചു. ഈ സ്ഥലം വിറ്റുകിട്ടിയ പണം പള്ളിപ്പണിക്കു വിനിയോഗിച്ചു. ബഹു. ചെങ്ങളം മത്തായി അച്ചന്‍റെ നേതൃത്വം ഇടവകജനതയെ ഒറ്റക്കെട്ടായി നിര്‍ത്തിക്കൊണ്ടു ഊര്‍ജ്ജസ്വലതയോടെ പുതിയ പള്ളിയുടെ പണി ധ്രുതഗതിയില്‍ നടന്നു. 1970 മാര്‍ച്ച് 5ന് ബഹു. ചെങ്ങളം മത്തായി അച്ചനു പകരം അരമനയില്‍ നിന്നും ആക്ടിംഗ് വികാരിയായി ബഹു. ഇല്ലിക്കല്‍ ജോസഫ് അച്ചന്‍ ശുശ്രൂഷ ചെയ്തു.1971-ല്‍ ബഹു. മൂയ്യപ്പള്ളി ജേക്കബ് അച്ചന്‍ വികാരിയായി. തോമസ് കാക്കനാട്ടിലിനുശേഷം ദൈവാലയശുശ്രൂഷിയായിരുന്ന തോമസ് ഈയ്യോ പാലുവേലില്‍, ജോസഫ് ജോസഫ് പാലുവേലില്‍ എന്നിവര്‍ക്കുശേഷം 1971 -ല്‍ കൊച്ചുപുരയ്ക്കല്‍ വര്‍ഗ്ഗീസ് യോഹന്നാന്‍ ദൈവാലയശുശ്രൂഷിയായി. വടക്കേടത്ത് വര്‍ഗ്ഗീസിനു ശേഷം കണക്കനായി നിയമിച്ച കാക്കനാട്ടില്‍ ചെറിയാന്‍ യൗസേഫ് വിരമിച്ച ശേഷം കാട്ടുങ്കല്‍ തോമസ് ജോബിനെ കണക്കനായി നിയമിച്ചു. പള്ളിയുടെ പേരില്‍ പാമ്പാടി ഭാഗത്തുണ്ടായിരുന്ന 50 സെന്‍റ് സ്ഥലം പള്ളിപണി ആവശ്യത്തിലേക്ക് വിറ്റു. ബഹു. മുയ്യപ്പള്ളി ജേക്കബ് അച്ചന്‍ വികാരിയായിരിക്കെ 1973 ഫെബ്രുവരി മൂന്നാം തീയതി മാര്‍ ആന്‍റണി പടിയറ തിരുമേനി പുതിയ പള്ളിയുടെ കൂദാശ കര്‍മ്മം നിര്‍വ്വഹിച്ചു.1973 ല്‍ ബഹു. വയലുങ്കല്‍ അലക്സാണ്ടര്‍ അച്ചന്‍ വികാരിയായി. തുടര്‍ന്ന് 1975 ല്‍ ബഹു. കളരിക്കല്‍ ജോസഫ് അച്ചന്‍ വികാരിയായി. അദ്ദേഹത്തിന്റെ കാലത്ത് ഇടവകയില്‍ കുടുംബക്കൂട്ടായ്മകള്‍ ആരംഭിച്ചു. ഊണ്ണാപ്പാറയ്ക്കല്‍ ജോസഫ് ജോസഫ് 3 സെന്റെ സ്ഥലം മനക്കരയില്‍ കുരിശടിക്കായി സംഭാവന ചെയ്തു.1975 ല്‍ തെക്കന്‍ പാമ്പാടി കേന്ദ്രമായി പ്രവര്‍ത്തിച്ച സമരം നൂറുശതമാനം കര്‍ഷകരുടെ താത്പര്യം സംരക്ഷിച്ചു ഇന്നാട്ടിലെ കര്‍ഷകരെ ഒറ്റക്കെട്ടായി അണിനിരത്തി തങ്ങളുടെ കാര്‍ഷിക മേഖലയ്ക്കെതിരേ ആഞ്ഞടിച്ച വെല്ലുവിളികളെ തുടച്ചുനീക്കുവാന്‍ ഈ സമരമുന്നേറ്റംവഴി സാധിച്ചു.1976 മാര്‍ച്ച് 5ല്‍ ബഹു. കളരിയ്ക്കലച്ചന്‍ മനക്കരയില്‍ ഒരു കുരിശുസ്ഥാപിച്ചു. 1977-ല്‍ അതിരമ്പുഴ പള്ളി ഇടവകാംഗമായ ബഹു. ബനഡിക്റ്റ് ഓണംകുളം അച്ചന്‍ വികാരിയായി.അച്ചന്റെ നേതൃത്വത്തില്‍ 1977 സെപ്റ്റംബര്‍ 25ന് പള്ളിമേടയില്‍ യോഗംകൂടി ബഹു. കന്യാസ്ത്രീകളുടെ സേവനം ഇടവകയില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ തീരുമാനിക്കുകയും ഫ്രാന്‍സിസ്ക്കന്‍ ക്ലാരിസ്റ്റ് സന്യാസ സഭയുടെ ചെലവില്‍ 1978 മെയ് 27ന് സ്ഥലം വാങ്ങി. ഈ സ്ഥലത്ത് നിലവിലുണ്ടായിരുന്ന ഭവനം ആശീര്‍വദിച്ച് എഫ്.സി.സി. സഭയുടെ പുതിയ മഠം ആരംഭിച്ചു.1980-ല്‍ ഇത്തിത്താനം ഇടവകാംഗം ബഹു. ജേക്കബ് കയ്യാലക്കല്‍ പുതിയ ഇടയനായി. എടത്വ സെന്റ് അലോഷ്യസ് കോളേജ് വൈസ് പ്രിന്‍സിപ്പലായിരിക്കെ സര്‍വ്വീസില്‍ നിന്നും വിരമിച്ച അദ്ദേഹം ഇവിടെ വിദ്യാഭ്യാസരംഗത്ത് മാറ്റം വരുത്തേണ്ടതിന്‍റെ ആവശ്യകത മനസ്സിലാക്കി. ഇന്നാട്ടില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട,യാതൊരു വികസനവും ഇല്ലാതിരുന്നതുമായ എല്‍.പി സ്കൂളിനെ യു.പി സ്കൂളാക്കി ഉയര്‍ത്തി.പുതിയ കെട്ടിടത്തിന്റെ പണികള്‍ ആരംഭിച്ചു. ഭൗതിക പുരോഗതിയിലെന്നപോലെ ആദ്ധ്യാത്മീക രംഗത്തും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഇടവകയില്‍ 10 പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ സ്ഥാപിക്കുകയും കൂട്ടായ്മകളില്‍ പങ്കെടുത്ത് അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.
എല്ലാ ഭക്ത സംഘടനകളെയും പ്രോത്സാഹിപ്പിച്ചിരുന്ന അദ്ദേഹം യുവദീപ്തിയുടെ കാര്യത്തില്‍ ഏറെ ശ്രദ്ധാലുവായിരുന്നു. അദ്ദേഹത്തിന്‍റെ കാലത്തായിരുന്നു കുടുംബക്കല്ലറകള്‍ അനുവദിച്ചു നല്‍കിയത്.1975-ല്‍ ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിക്കുകയും പള്ളിയുടെ വരുമാനമാര്‍ഗ്ഗമായിരുന്ന റബ്ബര്‍ മരങ്ങള്‍ നിലംപതിക്കുകയും സ്കൂള്‍കെട്ടിടത്തിനും കുരിശടിക്കും കേടുപാടുകള്‍ ഉണ്ടാവുകയും ചെയ്തു. ലക്ഷങ്ങളുടെ നഷ്ടം നേരിട്ടപ്പോഴും സഭാസമൂഹത്തിന്‍റെ സഹായസഹകരണങ്ങള്‍കൊണ്ട് ഇടവക അവയെ അതിജീവിച്ചു.1987 -ല്‍ ബഹു. ജേക്കബ് ളാനിത്തോട്ടം അച്ചന്‍ വികാരിയായി. അദ്ദേഹത്തിന്‍റെ കാലത്താണ് പള്ളിപ്പടി മുതല്‍ പള്ളിവരെയുള്ള റോഡ് വീതികൂട്ടി വെട്ടിയത്. യു.പി സ്കൂളിന്റെ വെഞ്ചരിപ്പ് കര്‍മ്മം 1988 ജനുവരി 3-ാം തീയതി അഭിവന്ദ്യ മാര്‍ ജോസഫ് പെരുന്തോട്ടം പിതാവ് നിര്‍വ്വഹിച്ചു.1992-ല്‍ ബഹു. ജോസഫ് പുളിക്കല്‍ അച്ചന്‍ വികാരിയായി. അദ്ദേഹത്തിന്റെ കാലത്ത് യു.പി സ്കൂള്‍ കെട്ടിടത്തിന്‍റെ മുന്‍വശത്ത് ഓഫീസ് റൂം, കമ്പ്യൂട്ടര്‍ റൂം ഇവ നിര്‍മ്മിച്ചു. മദ്ബഹായില്‍ ഇരുവശങ്ങളിലുമായി രണ്ട് ബേസ്ഗസ്സകള്‍ നിര്‍മ്മിച്ചു.പള്ളിയുടെ മുന്‍വശത്തുള്ള മനോഹരമായ കുരിശടി കൊച്ചുവീട്ടില്‍ ജോസ് ജോസഫിന്റെ ചെലവില്‍ നിര്‍മ്മിച്ചു.അദ്ദേഹം കൂട്ടായ്മകളില്‍ സ്ഥിരമായി സംബന്ധിച്ചിരുന്നു. പാവങ്ങളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധാലുവായിരുന്ന അദ്ദേഹം ഈ ഇടവകയില്‍ പാവങ്ങള്‍ക്കായി സ്വന്തം ചെലവില്‍ 3 വീടുകള്‍ നിര്‍മ്മിച്ചുകൊടുത്തു. ചമ്പക്കര ഇടവകയുടെ മതബോധനരംഗത്ത് അദ്ധ്യാപകനും, അസി ഹെഡ്മാസ്റ്ററുമായി സേവനം അനുഷ്ഠിച്ച ഇ.എം ജോണ്‍സാര്‍ 1992-ല്‍ അന്തരിച്ചു.1995 ബഹു. തോമസ് തെക്കേക്കര അച്ചന്‍ വികാരിയായി.അദ്ദേഹത്തിന്റെ കാലത്ത് പള്ളിയുടെ ചുറ്റുമതില്‍ നിര്‍മ്മിച്ചു.മദ്ബഹാ പുതുക്കിപ്പണിതു.പള്ളിയുടെ മുന്‍വശത്ത് മാര്‍ത്തോമ്മാ കുരിശ് സ്ഥാപിച്ചു.ഇടവകയിലെ മുഴുവന്‍ ആളുകളുടെയും സഹകരണത്തോടെ കോഴി, കോഴിമുട്ട പിടിയരി മറ്റു സാധനങ്ങള്‍ ഇവ പിരിച്ച് പൊതുക്കല്ലറകള്‍ പണിതു. പായിപ്പാട്ടുനിന്നും ചമ്പക്കരയില്‍ താമസമാക്കിയ തെക്കേപ്പറമ്പില്‍ ജോസഫ് ചാക്കോ 1997-ല്‍ 6 ഏക്കര്‍ സ്ഥലവും കെട്ടിടവും എഫ്.സി.സി സഭാസമൂഹത്തിന് സംഭാവന നല്‍കി ഇവിടെ അല്‍ഫോന്‍സാ ബാലികാ ഭവന്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇതേ വര്‍ഷത്തില്‍ സൗത്ത് പാമ്പാടി കല്ലേപ്പുറത്ത് കരോട്ടുപെരുമാവല ശ്രീ. കെ.സി സ്കറിയ കുരിശുപള്ളി സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ 5 സെന്റ് സ്ഥലം സംഭാവന നല്‍കി. ഉള്‍പ്രദേശമായിരുന്നതിനാല്‍ പ്രസ്തുത നിയോഗം സാധ്യമായില്ല.
1998ല്‍ ബഹു.സെബാസ്റ്റ്യന്‍ ഒരുക്കൊമ്പിലച്ചന്‍ വികാരിയായി. 1998-ല്‍ മനക്കര ചാപ്പല്‍ വെഞ്ചരിച്ചു. രണ്ടായിരാമാണ്ടില്‍ യു.പി സ്കൂളിന്‍റെ രണ്ടാം നില അദ്ദേഹം പണികഴിപ്പിച്ചു. ബഹു.അച്ചന്‍റെ ശ്രമഫലമായി നെത്തല്ലൂരിലുള്ള കുരിശുപള്ളി ഇടത്തിനാട്ട് ജോര്‍ജ്ജ് ഈനാസ് ഏകദേശം 4 ലക്ഷം രൂപ മുടക്കി പുതുക്കിപ്പണിതു. ഇടവക മതബോധനരംഗത്ത് അദ്ധ്യാപകനായും പ്രധാനാദ്ധ്യാപകനുമായി സേവനം അനുഷ്ഠിച്ച ശ്രീ. കെ.റ്റി വര്‍ഗ്ഗീസ് കരോട്ടുപാലയ്ക്കല്‍ രണ്ടായിരാമാണ്ട് ഡിസംബര്‍ 23ന് ചരമമടഞ്ഞു.മാന്തുരുത്തി പാമ്പാടി റോഡരുകില്‍ കൊച്ചുവീട്ടില്‍ ശ്രീ ജോണ്‍ ജോസഫ് കുരിശുപള്ളിക്ക് ദാനമായി നല്‍കിയ സ്ഥലത്ത് അച്ചന്‍ കുരിശ് സ്ഥാപിച്ച് വെഞ്ചരിച്ചു. 2003 ഏപ്രില്‍ 4 -ന് പള്ളിയില്‍ കൂടിയ പൊതുയോഗം ചമ്പക്കര ഇടവകയുടെ ശതാബ്ദി സ്മാരകമായി വി. സെബസ്ത്യാനോസിന്‍റ നാമത്തില്‍ പാമ്പാടി ഭാഗത്തു കുരിശുപള്ളി പണിയുവാന്‍ തീരുമാനിച്ചു. എല്ലാ വര്‍ഷവും മാര്‍ച്ച് 19-ന് ഇടവകയില്‍ വി. യൗസേഫ് പിതാവിന്റെ മരണത്തിരുനാള്‍ ആചരിക്കുകയും ശ്രാദ്ധം നടത്തുന്ന പതിവ് അച്ചന്‍ ആരംഭിക്കുകയും ചെയ്തു.2003 ല്‍ ബഹു. ജോണ്‍ തടത്തേല്‍ അച്ചന്‍ വികാരിയായി. അദ്ദേഹം 2003 ഒക്ടോബര്‍ 12ന് പാമ്പാടി കുരിശുപള്ളിക്കു തറക്കല്ലിട്ടു. സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ കെട്ടിടം നിര്‍മ്മിച്ചു. തുടര്‍ന്ന് 2004 ല്‍ ബഹു. വറുഗീസ് കൈതപ്പറമ്പിലച്ചന്‍ വികാരിയായി അദ്ദേഹം പാമ്പാടി കുരിശുപള്ളിയുടെ പണികള്‍ പൂര്‍ത്തീകരിച്ചു. 2004 നവംബര്‍ 7ന് അഭി ജോസഫ് പൗവ്വത്തില്‍ പിതാവ് കപ്പേളയുടെ കൂദാശാകര്‍മ്മം നിര്‍വ്വഹിച്ചു. വികാരി ജനറാള്‍ വെ. റവ. ഫാ. ജോസ് പി കൊട്ടാരം കുരിശുപള്ളിയില്‍ ആദ്യത്തെ ദിവ്യബലി അര്‍പ്പിച്ചു. 2005 അദ്ദേഹത്തിന്‍റെ കാലത്ത് യു.പി സ്കൂളിന് ചുറ്റുമതില്‍ നിര്‍മ്മിച്ചു.
ബഹു. സെബാസ്റ്റ്യന്‍ മഞ്ചേരിക്കളം അച്ചനുശേഷം 2008 ഫെബ്രുവരിയില്‍ ബഹു. ജോസ് മുകളേല്‍ അച്ചന്‍ വികാരിയായി. ഇടവകയിലെ അജപാലന പ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വ്വ് നല്‍കുവാന്‍ അച്ചന്‍റെ പ്രവര്‍ത്തനങ്ങള്‍ സഹായിച്ചു.2009 സെപ്തംബര്‍ 8-ാം തീയതി ഇടവകജനങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന സാന്‍ജോസ് അജപാലന കേന്ദ്രത്തിന് തറക്കല്ലിട്ടു. ശ്രീ. ബെന്നിച്ചന്‍ തകിടിയേല്‍ സംഭാവന ചെയ്ത മണിമാളികയുടെ നിര്‍മ്മാണം 2010 നിര്‍വ്വഹിക്കുകയുണ്ടായി. 2011 ഫെബ്രുവരി മാസത്തില്‍ ശ്രീ. ജോണ്‍ വര്‍ഗ്ഗീസ് തകിടിയേല്‍ സംഭാവന ചെയ്ത് പണികഴിപ്പിച്ച സെമിത്തേരി ചാപ്പലിന്‍റെ കൂദാശ കര്‍മ്മം നിര്‍വ്വഹിച്ചു. 2011 സെപ്തംബര്‍ 10-ാം തീയതി സാന്‍ജോസ് അജപാലന കേന്ദ്രത്തിന്റെ കൂദാശകര്‍മ്മം അഭിവന്ദ്യ മാര്‍ ജോസഫ് പെരുന്തോട്ടംപിതാവ് നിര്‍വ്വഹിച്ചു. മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.2012 ഡിസംബര്‍ 1-ന് പുതുക്കിപ്പണിത കുറുപ്പന്‍കവല സെന്‍റ് ആന്റണീസ് കപ്പേളയുടെ കൂദാശകര്‍മ്മം അഭിവന്ദ്യ മാര്‍ ജോസഫ് പെരുന്തോട്ടം പിതാവ് നിര്‍വ്വഹിച്ചു. 2019 ഫെബ്രുവരി 3-ാം തീയതി www.stjosephchurchchampakara.in എന്ന website ആരംഭിച്ചു.
ബഹു. ജോസ് മുകളേല്‍ അച്ചനുശേഷം 2013 ഫെബ്രുവരി 13-ാം തീയതി ബഹു. സ്കറിയ സ്രാമ്പിക്കല്‍ അച്ചന്‍ വികാരിയായി. 2014 ഡിസംബര്‍ 8-ന് പുതിയ പള്ളിമേടയുടെ കല്ലിടീല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. 2015-ല്‍ പണികള്‍ ആരംഭിച്ചു. ഇടവകാംഗങ്ങളായ സ്വന്തമായി ഭൂമിയില്ലാത്ത ഭവനരഹിതകര്‍ക്ക് സ്വന്തം വാസസ്ഥലമാകുതുവരെ താമസിക്കുവാന്‍ ഭവനങ്ങള്‍ നിര്‍മ്മിച്ചുനല്‍കുവാന്‍ അല്‍ഫോന്‍സാ നഗര്‍ എന്നറിയപ്പെടുന്ന 50 സെന്‍റ് സ്ഥലം 2015-ല്‍ ശ്രീ. ജോസി കൊച്ചുവള്ളാട്ട് ദാനമായി നല്‍കി. പ്രസ്തുത സ്ഥലത്ത് നിര്‍മ്മിച്ച ആദ്യത്തെ വീടിന്റെ താക്കോല്‍ദാന കര്‍മ്മവും പുതിയ പള്ളിമേടയുടെ കൂദാശകര്‍മ്മവും, സാന്‍ജോസ് വോയ്സ് ഇടവക പത്രപ്രകാശനവും റീച്ചിന്‍റെ ലോഗോ പ്രകാശനം, പ്രാരംഭ മൂലധന സ്വീകരിക്കല്‍ ഇവയും 2016 സെപ്റ്റംബര്‍ 17-ന് അഭിവന്ദ്യ മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വ്വഹിച്ചു. 2017 ഫെബ്രുവരി ആദ്യം ഇടവകയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ആംബുലന്‍സ് ശ്രീ. ബെന്നിച്ചന്‍ തകടിയേല്‍ സംഭാവന നല്‍കി. ബഹു. സ്കറിയ സ്രാമ്പിക്കല്‍ അച്ചനുശേഷം ബഹു. ജേക്കബ് കാട്ടടി അച്ചന്‍ 2017 ഫെബ്രുവരി 14-ന് വികാരിയായി. അജപാലന പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന് പ്രകൃതിയുടെ അടിസ്ഥാനത്തില്‍ ഇടവക കൂട്ടായ്മകളെ 30 എണ്ണമായി പനഃക്രമീകരിച്ചു. സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളിലേക്കുള്ള മുന്‍കാല പരിചയസമ്പത്തിന്‍റെ അടിസ്ഥാനത്തില്‍ അച്ചന്‍ നാനാജാതി മതസ്ഥര്‍ക്ക് ജീവകാരുണ്യ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് വിവിധങ്ങളായ പദ്ധതികള്‍ ആവിഷ്ക്കരിച്ച് പ്രാബല്യത്തിലാക്കി. ചമ്പക്കര ഇടവകയുടെ ജീവകാരുണ്യ മുഖമായ റീച്ചിലൂടെ 2017 ജൂണ്‍ മാസത്തില്‍ റീച്ച് പാലിയേറ്റീവ് കെയര്‍, ജൂലൈ മാസത്തില്‍ റീച്ച് ചാരിറ്റി ഷോപ്പ്, പകല്‍ വീട്, ആഗസ്റ്റ് 15-ന് റീച്ച് പൊതിച്ചോറ്, സെപ്തംബര്‍ 5-ന് റീച്ച് അന്നം പദ്ധതി നവംബര്‍ മാസത്തില്‍ മരണാനന്തര സഹായനിധിയുടെ പുനരാവിഷ്ക്കരണം, ഡിസംബര്‍ മാസത്തില്‍ അല്‍ഫോന്‍സാ ഭവന പദ്ധതിയിലെ രണ്ടാമത്തെ ഭവനത്തിന്‍റെ പൂര്‍ത്തീകരണം എന്നീ സാമൂഹ്യക്ഷേമ പദ്ധതികള്‍ നടപ്പിലാക്കി.
2018 ഫെബ്രുവരി 4-ന് champakarapally എന്ന പേരില്‍ഒരു മൊബൈല്‍ ആപ്പ് രൂപീകരിച്ചു.Website റീലോഞ്ച് ചെയ്തു. പാരീഷ് മിനിസ്ട്രി എന്ന സോഫ്റ്റ്വെയറിലൂടെ ഇടവകക്കാരുടെ ഡേറ്റാ എന്‍ട്രി ആരംഭിച്ചു. പഞ്ചവത്സര അജപാലന കര്‍മ്മപദ്ധതിയുടെ ഉദ്ഘാടനം മാര്‍ തോമസ് തറയില്‍ പിതാവ് നിര്‍വ്വഹിച്ചു. ഒരു വര്‍ഷം നീണ്ടുനിന്ന ബൈബിള്‍ പഠനക്ലാസ് സംഘടിപ്പിച്ചു.2018-ലെ മഹാപ്രളയത്തില്‍ കൈത്താങ്ങായി വിവിധ സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങള്‍ ചെയ്യുകയും കുട്ടനാട് കൊണ്ടാക്കല്‍ ഇടവകയെ ദത്തെടുത്ത് അവരുടെ അതിജീവനത്തില്‍ പങ്കാളിയാവുകയും ചെയ്തു.പുതിയ പള്ളിമേടയുടെ താഴെ നിലയില്‍ ആധുനിക രീതിയിലുള്ള മീഡിയാ റൂം, ഗസ്റ്റ് റൂം, സണ്‍ഡേസ്കൂള്‍ ഓഫീസ് ഇവയുടെ പണികള്‍ പൂര്‍ത്തീകരിച്ച് വെഞ്ചരിച്ചു. ചരിത്രത്തിലാദ്യമായി അതിരൂപതാതലത്തില്‍ ചെറുപുഷ്പം മിഷന്‍ ലീഗിന്റെ ഏറ്റവും നല്ല യൂണിറ്റായി നമ്മെ തിരഞ്ഞെടുത്തു.2019 ഫെബ്രുവരിയില്‍ ഇടവകയില്‍ അസി. വികാരിയായി റവ. ഫാ. ജീതു പെരുമ്പള്ളിക്കുന്നേല്‍ ചാര്‍ജ്ജെടുത്തു. അദ്ദേഹം 4 മാസക്കാലം ഇടവകയില്‍ ശുശ്രൂഷ ചെയ്തു. 2019 മെയ് മാസത്തില്‍ റീച്ച് കിഡ്നികെയര്‍ പദ്ധതിയുടെ ഉദ്ഘാടനം, അല്‍ഫോന്‍സാ ഭവനപദ്ധതിയിലെ മൂന്നാമത്തെ ഭവനത്തിന്‍റെ താക്കോല്‍ദാന കര്‍മ്മം, ഇടവക ഡയറക്ടറി പ്രകാശനം, ബൈബിള്‍ കയ്യെഴുത്ത് പ്രതിയുടെ പ്രകാശനം ബൈബിള്‍ ക്ലാസ് രണ്ടാമത്തെ ബാച്ചിന്‍റെ ഉദ്ഘാടനം ഇവ അഭി. മാര്‍ ജോസഫ് പെരുന്തോട്ടം പിതാവ് നിര്‍വ്വഹിച്ചു.ഈ കാലയളവില്‍ സെമിത്തേരിയില്‍ പുതിയ കല്ലറകള്‍, മെയിന്‍ റോഡില്‍ നിന്നും പള്ളിയിലേക്കുള്ള വഴി, ബെന്നിച്ചന്‍ തകിടിയേല്‍ സംഭാവന ചെയ്യുന്ന കവാടം ഇവ പണിയുന്നതിന് പൊതുയോഗം തീരുമാനമെടുക്കുകയും അതിരൂപതാകച്ചേരിയില്‍ നിന്ന് ആയതിനുള്ള അംഗീകാരം ലഭിക്കുകയും പണികള്‍ ആരംഭിക്കുകയും ചെയ്തു. 2019 ജൂണ്‍ മാസത്തില്‍ അസി. വികാരിയായി എം.എസ്.റ്റി സഭാസമൂഹത്തിലെ റവ. ഫാ. അഗസ്റ്റിന്‍ ചിറയില്‍ ചാര്‍ജ്ജെടുത്തു.ഇടവകയിലെ വിവിധ സംഘടനകളെ സജീവമാക്കിക്കൊണ്ട് ആത്മീയവും ഭൗതികവുമായ മേഖലകളില്‍ അതിരൂപതാ തല ത്തില്‍ ശ്രദ്ധേയമായ മികവു പുലര്‍ത്തുന്ന ഇടവകയായി ഈ കാലയളവില്‍ നമുക്ക് മാറുവാന്‍ സാധിച്ചു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.